International
ഈജിപ്റ്റിലെ കെയ്റോ നഗരത്തിനു തെക്ക് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ സഖാറ ശ്മശാനഭൂമിയിൽനിന്ന് 4,000-ലേറെ വർഷം പഴക്കമുള്ള, ഉന്നത പദവിയലങ്കരിച്ചിരുന്ന ഉദ്യോഗസ്ഥന്റെ അപൂര്‍വ കല്ലറ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള പ്രദേശത്ത് ഈജിപ്ഷ്യന്‍ പുരാവസ്തു മിഷന് നടത്തിയ ഖനനത്തിലാണു ശാസ്ത്രലോകത്തെ ആവേശത്തിലാഴ്ത്തിയ സുപ്രധാന കണ്ടെത്തല്‍.
സാമ്രാജ്യത്വ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സെഖെന്തിയു താഹ് എന്ന പ്രമുഖ ഉദ്യോഗസ്ഥന്റേതാണ് ഈ കല്ലറ. ഭൗതികലോകത്തില്നിന്നു പരലോകത്തേക്ക് ആത്മാവിനു സഞ്ചരിക്കാനുള്ള പ്രതീകാത്മക കവാടമെന്നു പുരാതന ഈജിപ്റ്റുകാര്‍ വിശ്വസിച്ചിരുന്ന വാതില്‍ കേടുപാടുകൾ കൂടാതെ കണ്ടെത്തിയിട്ടുണ്ട്. വാതിലിനു തൊട്ടുമുന്നിലായി അലബാസ്റ്റര്‍ കല്ലില്‍ തീര്‍ത്ത യാഗപീഠം, യാഗതളിക, പാത്രങ്ങൾ, ജഗ്ഗ് എന്നിവ അടങ്ങിയ അപൂര്‍വ ശേഖരവും കണ്ടെത്തി. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷവും ആചാര വസ്തുക്കള്‍ അവയുടെ യഥാര്‍ഥ സ്ഥാനത്തുതന്നെ സ്ഥിതിചെയ്യുന്നുവെന്നത് പഴയ സാമ്രാജ്യത്വ കാലത്തെ സംസ്കാര ചടങ്ങുകളെയും ആചാരങ്ങളെയും കുറിച്ചു പഠിക്കാന്‍ ഗവേഷകർക്കു വലിയ അവസരമാണു നല്‍കുന്നത്.
International
പതിനേഴാം നൂറ്റാണ്ട്; ദൂരദർശനിയുടെ പരിഷ്കരിച്ച പതിപ്പിലൂടെ മനുഷ്യൻ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ അദ്ഭുതത്തോടെ നോക്കിനിന്ന കാലം, കരയിലൂടെയുള്ള ഏറ്റവും വേഗതയേറിയ യാത്രാമാർഗം കുതിരസവാരി മാത്രമായിരുന്ന കാലം, വസൂരി പോലെയുള്ള മാരകവ്യാധികൾ മനുഷ്യരാശിയെ ഭീതിയിലാഴ്ത്തിയ അതേ കാലഘട്ടം! എന്നാൽ, 400 വർഷങ്ങൾക്കിപ്പുറം ശാസ്ത്ര-സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റം ലോകത്തെ മാറ്റിമറിച്ചിരിക്കുന്നു. ഇന്ന്, ഭൂമിയിൽനിന്ന് 1350 കോടി പ്രകാശവർഷം അകലെയുള്ള ഗാലക്സിയെപ്പോലും കൃത്യമായി കണ്ടെത്താൻ അത്യാധുനിക ദൂരദർശിനികൾക്കു കഴിയും. യാത്രാരംഗത്താകട്ടെ, കരയിലും ആകാശത്തും വേഗമേറിയ സൗകര്യങ്ങൾ. മനുഷ്യകുലത്തെ ആശങ്കയിലാഴ്ത്തിയ വസൂരി എന്ന മഹാമാരിയെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ വൈദ്യശാസ്ത്രത്തിനു കഴിഞ്ഞിരിക്കുന്നു.
മനുഷ്യന്റെ ഈ ജൈത്രയാത്ര നടക്കുന്പോൾ, നൂറ്റാണ്ടുകളായി ജീവിതം തുടരുന്ന അദ്ഭുത ജീവികളുണ്ട്! വടക്കേ അമേരിക്കയിലെ 'ഗ്രേറ്റ് ലേക്സി'ൽ നീന്തിത്തുടിക്കുന്ന 'ലേക്ക് സ്റ്റർജൻ' മത്സ്യങ്ങൾ! മനുഷ്യചരിത്രത്തിലെ വലിയ മാറ്റങ്ങൾക്കെല്ലാം സാക്ഷിയായി ഇക്കാലമത്രയും വെള്ളത്തിനടിയിൽ ജീവനോടെയുണ്ടായിരുന്നു അവ! പുതിയ ഗവേഷണങ്ങൾ പ്രകാരം, 'ലേക്ക് സ്റ്റർജൻ' മത്സ്യങ്ങൾക്ക് 400-ലേറെ വർഷങ്ങൾ ആയുസുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു.
National
മെട്രൊ നഗരങ്ങളിൽ വീട്ടമ്മമാരുടെ പ്രിയപ്പെട്ടവനാകുന്നു 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ'. വൻ നഗരങ്ങളിൽ വീട്ടുജോലിക്കായി യന്ത്രമനുഷ്യനെ വ്യാപകമായി ഉപയോഗിക്കുന്നതായാണു റിപ്പോർട്ട്. പ്രത്യേകിച്ച്, രാജ്യത്തിന്റെ 'ഐടി തലസ്ഥാനം’ എന്നറിയപ്പെടുന്ന ബംഗളൂരുവിൽ വീട്ടുജോലിക്കായി യന്ത്രമനുഷ്യനെ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സാങ്കേതികവിദ്യയുടെ നഗരത്തിൽ വീട്ടുജോലിക്കു റോബോട്ടുകളെ ഉപയോഗിക്കുന്നവർ നേരത്തെ ഉണ്ടെങ്കിലും ഇപ്പോൾ ഇടത്തരക്കാരുടെ വീടുകളിലേക്കും റോബോട്ട് എത്തുന്നു. തിരക്കേറിയ നഗരത്തിലെ ജീവിതഭാരം കുറയ്ക്കുകയാണു റോബോട്ടുകളുടെ ഉപയോഗത്തിലൂടെ ലക്ഷ്യമിടുന്നത്.
വീട്ടിലെ ദൈനംദിന ജോലികൾ എളുപ്പമാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്നവർ പൂർണ സംതൃപ്തരാണെന്നു റിപ്പോർട്ട് പറയുന്നു. പാചകം മുതൽ വീടു വൃത്തിയാക്കൽ ഉൾപ്പെടെ റോബോട്ടുകൾ ചെയ്യുന്നു. കൃത്യമായ നിർദേശങ്ങൾ കൊടുത്താൽ രുചികരമായി ഏതു വിഭവവും തയാറാക്കുമെന്നും ഭക്ഷണം കരിയില്ലെന്നും ഉപയോഗിക്കുന്നവർ പറഞ്ഞു. മൊബൈൽ ആപ്പ് ഉപയോഗിച്ചു റോബോട്ടിനെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതും കാര്യങ്ങൾ എളുപ്പമാക്കുന്നു.
ജോലിക്കാരെ നിയമിക്കുന്നതിനേക്കാൾ ചെലവുകുറവാണു റോബോട്ട് വാങ്ങുന്നതെന്നു നിരവധിപ്പേർ അഭിപ്രായപ്പെടുന്നു. കൂടാതെ, പത്തു വയസുള്ള കുട്ടിക്കുപോലും റോബോട്ട് പ്രവർത്തിപ്പിക്കാൻ കഴിയും. പലരും ജോലിക്കാരേക്കാൾ റോബോട്ടുകളെ ഇഷ്ടപ്പെടുന്നു. കാരണം, അവ കൂടുതൽ വിശ്വസനീയമാണ്.
National
പറഞ്ഞാൽ, ആരും വിശ്വസിക്കില്ല! മനുഷ്യവിസർജ്യം ഉപയോഗിച്ചു കോൺക്രീറ്റ് നിർമിക്കാമെന്ന്! അതും സാധാരണ കോൺക്രീറ്റിനേക്കാൾ ഇരട്ടി ബലമുള്ളത്! അത്തരത്തിലുള്ള കണ്ടുപിടിത്തം നടത്തിയിരിക്കുകയാണു ഗവേഷകർ. ഭാവിയിലെ നിർമാണമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള കണ്ടുപിടിത്തത്തിനു പിന്നിൽ ജയ്പുരിലെ ഒരു സംഘം ഗവേഷകരാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ സിവിൽ എൻജിനിയറായ രഘുവേശ് തിവാരിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണു നിർണായക നേട്ടത്തിനു പിന്നിൽ. നിർമാണ മേഖലയിലുണ്ടാകുന്ന പരിസ്ഥിതി ആഘാതവും മാലിന്യപ്രശ്നങ്ങളും ഒരുപോലെ കുറയ്ക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തമാണിതെന്നു ഗവേഷകർ പറയുന്നു.
തെലങ്കാനയിലെ വാറങ്കലിലുള്ള മനുഷ്യവിസർജ്യ സംസ്കരണ പ്ലാന്റിൽ നിന്നാണു ഗവേഷകർ ഇതിനായുള്ള മാലിന്യങ്ങൾ ശേഖരിച്ചത്. ഉയർന്ന താപനിലയിൽ കുറഞ്ഞ ഓക്സിജന്റെ സാന്നിധ്യത്തിൽ പൈറോലിസിസ് പ്രക്രിയയിലൂടെ അവശിഷ്ടങ്ങൾ ചൂടാക്കിയാണ് ഗവേഷകർ 'ബയോചർ' നിർമിച്ചത്. തുടർന്ന് ഇതു പൊടിച്ച് കോൺക്രീറ്റ് മിശ്രിതത്തിൽ ചേർക്കുകയാണു ചെയ്തത്.
സാധാരണ കോൺക്രീറ്റിലെ സിമന്റിന്റെ അളവിൽ അഞ്ചു ശതമാനം മുതൽ പത്തു ശതമാനം വരെ കുറച്ച്, പകരം ഈ ബയോചർ പൊടി ചേർത്താണു പരീക്ഷണം നടത്തിയത്. മൂന്നു മാസത്തെ പരിശോധനകൾക്കുശേഷം, പുതിയ മിശ്രിതം സാധാരണ കോൺക്രീറ്റിനേക്കാൾ കൂടുതൽ ബലമുള്ളതായി ഗവേഷകർ കണ്ടെത്തി.
ഈ മിശ്രിതത്തിനു കൂടുതൽ ബലം ലഭിക്കുന്നതിനു പിന്നിൽ ചില പ്രധാന ഘടകങ്ങളുണ്ട്. വിസർജ്യത്തിൽനിന്നു നിർമിക്കുന്ന ബയോചറിൽ ധാരാളമായി സൂക്ഷ്മ സുഷിരങ്ങൾ അടങ്ങിയിരിക്കുന്നു. ഇതു ജലം ആഗിരണം ചെയ്യുകയും കോൺക്രീറ്റ് കട്ടിയാകുന്ന സമയത്തു സാവധാനം പുറത്തുവിടുകയും ചെയ്യുന്നു. കൂടാതെ, ഇതിലുള്ള സിലിക്കയുടെ സാന്നിധ്യം സിമന്റിലെ രാസവസ്തുക്കളുമായി പ്രവർത്തിച്ച് കോൺക്രീറ്റിന്റെ ഉള്ളിലെ ഘടനയെ കൂടുതൽ ശക്തമാക്കുന്നു.
പുതിയ മിശ്രിതം, പരിസ്ഥിതി സൗഹാർദമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. സിമന്റ് ഉത്പാദനം വലിയ തോതിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളാൻ കാരണമാകുന്നുണ്ട്. സിമന്റിന്റെ ഉപയോഗം കുറയ്ക്കാനും ഒപ്പം മനുഷ്യവിസർജ്യം സുരക്ഷിതമായി പുനരുപയോഗിക്കാനും പുതിയ കണ്ടുപിടിത്തം സഹായിക്കും. നിർമാണ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും ഗവേഷകർ വ്യക്തമാക്കി. വ്യാവസായിക ഉപയോഗത്തിനു മുന്നോടിയായി കൂടുതൽ പഠനങ്ങൾ തുടരുകയാണെന്നും ഗവേഷകർ പറഞ്ഞു.
International
കോട്ടൺ അടിവസ്ത്രങ്ങൾ മണ്ണിൽ കുഴിച്ചിടുക; രണ്ടു മാസത്തിനുശേഷം പുറത്തെടുക്കുക, അപ്പോൾ എന്തു സംഭവിക്കും? കേൾക്കുന്പോൾ വിചിത്രവും തമാശയുമായി തോന്നിയേക്കാം, ഇതെന്തു പരീക്ഷണം! സ്വിറ്റ്സർലൻഡിലെ സൂറിച്ച് സർവകലാശാലയിലെ ഗവേഷകരാണു വേറിട്ട പരീക്ഷണത്തിനു പിന്നിൽ. ഭൂമിക്കടിയിലെ ജീവന്റയും മണ്ണിന്റെ ആരോഗ്യത്തിന്റെയും രഹസ്യങ്ങൾ മനസിലാക്കാൻ ശാസ്ത്രജ്ഞർ നടത്തിയ വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്! സർവകലാശാലയിലെയും അഗ്രോസ്കോപ്പിലെയും ഗവേഷകർ ആയിരത്തോളം പേരുടെ പങ്കാളിത്തത്തോടെയാണു പരീക്ഷണം പൂർത്തിയാക്കിയത്. 'പ്രൂഫ് ബൈ അണ്ടർപാന്റ്സ്' (Proof by Underpants) എന്ന പേരിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലങ്ങൾ സയൻസ് ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൂർണമായും പ്രകൃതിദത്ത പരുത്തി കൊണ്ടു നിർമിച്ച അടിവസ്ത്രങ്ങളാണു പരീക്ഷണത്തിനായി ഉപയോഗിച്ചത്. പരുത്തിയിലെ പ്രധാന ഘടകം സെല്ലുലോസ് ആണ്. മണ്ണിൽ ജീവിക്കുന്ന കോടിക്കണക്കിന് ബാക്ടീരിയകൾ, ഫംഗസുകൾ, മണ്ണിരകൾ, മറ്റു സൂക്ഷ്മജീവികൾ എന്നിവ സെല്ലുലോസ് ആഹാരമാക്കുകയും വളരെവേഗം ജീർണിപ്പിക്കുകയും ചെയ്യുന്നു. മണ്ണിൽ സൂഷ്മജീവികളുടെ സാന്നിധ്യവും പ്രവർത്തനവും എത്രത്തോളം കൂടുതലാണോ, അത്രയും വേഗത്തിൽ തുണി ദ്രവിക്കും. അതായത്, വസ്ത്രങ്ങൾ എത്രത്തോളം നശിക്കുന്നുവോ അത്രയും ജീവസുറ്റതും ഫലഭൂയിഷ്ഠവുമാണ് ആ മണ്ണ്.
ആയിരം വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് രണ്ടായിരത്തിലധികം കോട്ടൺ അടിവസ്ത്രങ്ങളും പതിനായിരത്തിലധികം ടീ ബാഗുകളുമാണ് കുഴിച്ചിട്ടത്. വീട്ടുപറമ്പുകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ, പുൽമൈതാനങ്ങൾ, വനങ്ങൾ തുടങ്ങിയ ഇടങ്ങളിലാണു കുഴിച്ചിട്ടത്. രണ്ടു മാസത്തിനുശേഷം ഇവ പുറത്തെടുത്തു. തുടർന്നു ചിത്രങ്ങളെടുക്കുകയും, മണ്ണിന്റെ സാമ്പിളുകൾക്കൊപ്പം ഗവേഷകർക്കു നൽകുകയും ചെയ്തു.
പുറത്തെടുത്തപ്പോൾ, ചിലയിടങ്ങളിൽ ഇലാസ്റ്റിക് ബാൻഡ് മാത്രമാണ് ശേഷിച്ചതെങ്കിൽ, ചിലയിടങ്ങളിൽ തുണിക്കു കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. വീട്ടുവളപ്പിലാണ് ഏറ്റവും വേഗത്തിൽ തുണി ദ്രവിച്ചെതെന്നു (58 ശതമാനം) കണ്ടെത്തി. സൂക്ഷ്മജീവികൾ ഇവിടെ കൂടുതലായതാണു കാരണം. എന്നാൽ, കൃത്രിമമായി നിർമിച്ച പുൽമൈതാനങ്ങളിൽ ദ്രവീകരണ നിരക്കു വളരെ കുറവായിരുന്നു (40 ശതമാനം). കൃഷിയിടങ്ങളും പുൽമേടുകളും ഇവയ്ക്കു രണ്ടിനുമിടയിലായിരുന്നു.
മണ്ണിന്റെ രാസഘടന മാത്രമല്ല, മനുഷ്യൻ ഭൂമി എങ്ങനെ ഉപയോഗിക്കുന്നു എന്നതും ജീവജാലങ്ങളുടെ സജീവതയെ വൻതോതിൽ സ്വാധീനിക്കുന്നുണ്ടെന്നു പരീക്ഷണം തെളിയിക്കുന്നു. സാധാരണക്കാർക്കു മണ്ണിന്റെ ആരോഗ്യം വളരെ എളുപ്പത്തിൽ മനസിലാക്കിക്കൊടുക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ജീർണിക്കുന്നതിന്റെ വേഗത എപ്പോഴും നല്ലതാകണമെന്നില്ലെങ്കിലും, നമ്മൾ ചവിട്ടിനിൽക്കുന്ന മണ്ണിനടിയിൽ സൂഷ്മജീവികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന സന്ദേശമാണു പരീക്ഷണം നൽകുന്നത്.
International
ആ കോഴിക്കുഞ്ഞിന്റെ പേര് 'കെന്റക്കി' എന്നായിരുന്നു! ബഹിരാകാശത്തു ചുറ്റിക്കറങ്ങിയെത്തിയ മുട്ട വിരിഞ്ഞുണ്ടായ ആദ്യത്തെ കോഴിക്കുഞ്ഞ്! ലോകത്തിനു വലിയ അദ്ഭുതമായിരുന്നു ആ കോഴിക്കുഞ്ഞിന്റെ ജനനം! ഒരു സ്കൂൾ വിദ്യാർഥിയുടെ ശാസ്ത്രന്വേഷണ ത്വരയാണ് നാസയെ ആ ഗവേഷണങ്ങളിലേക്കു നയിച്ചത്. 1980-കളിലെ ആ സംഭവം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
1980-കളുടെ തുടക്കത്തിൽ ഇന്ത്യാനയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജോൺ വെല്ലിംഗർ ആണ് ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ കോഴിമുട്ടയിലെ ഭ്രൂണവളർച്ച എങ്ങനെയായിരിക്കുമെന്ന ഗവേഷണപദ്ധതി മുന്നോട്ടുവച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സംഘടിപ്പിച്ച വിദ്യാർഥികളുടെ ശാസ്ത്ര മത്സരത്തിൽ ഈ ആശയം തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ പരീക്ഷണത്തിന് ആവശ്യമായ ഇൻക്യുബേറ്റർ നിർമിക്കാനും തുക കണ്ടെത്താനും ബുദ്ധിമുട്ടിയപ്പോൾ ഫാസ്റ്റ് ഫുഡ് രാജാവ് കെഎഫ്സി സാമ്പത്തിക പിന്തുണ നൽകുകയായിരുന്നു. 'ചിക്സ് ഇൻ സ്പേസ്' (Chix in Space) എന്നു പേരിട്ട പ്രോജക്റ്റിനായി കെഎഫ്സി 50,000 ഡോളർ ധനസഹായം നൽകുകയും പ്രത്യേക ഇൻക്യുബേറ്റർ നിർമിക്കാൻ എൻജിനീയറുടെ സേവനം ലഭ്യമാക്കുകയും ചെയ്തു.
1986-ൽ ചലഞ്ചർ (Challenger) ബഹിരാകാശ പേടകത്തിലാണു പരീക്ഷണം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിക്ഷേപണത്തിനു തൊട്ടുപിന്നാലെ പേടകം തകർന്നുണ്ടായ ദുരന്തത്തിൽ ഇതിനായുള്ള ഉപകരണങ്ങളും മുട്ടകളും നശിക്കുകയായിരുന്നു. തുടർന്ന്, മൂന്നു വർഷത്തിനുശേഷം, 1989 മാർച്ച് 13-ന് ഡിസ്കവറി പേടകത്തിൽ (STS-29 മിഷൻ) 32 കോഴിമുട്ടകൾ നാസ വിജയകരമായി ബഹിരാകാശത്തെത്തിച്ചു. ഇതിൽ പകുതി മുട്ടകൾ വിക്ഷേപണത്തിനു മുൻപ് രണ്ടു ദിവസത്തെ ഭ്രൂണവളർച്ചയുള്ളവയും ബാക്കിയുള്ളത് ഒൻപതു ദിവസത്തെ വളർച്ചയെത്തിയവയുമായിരുന്നു.
International
പാതി ആണും പാതി പെണ്ണുമായ ജീവിയുണ്ടോ..? അങ്ങനെയൊരു ജീവി ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ തന്നെ ആരും അദ്ഭുതപ്പെട്ടേക്കാം! എന്നാല്‍, അങ്ങനെയൊന്നിനെ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന്‍ ശാസ്ത്രലോകം. ആരിലും അതിശയം ജനിപ്പിക്കുന്ന ആ ജീവി, ഒരു പക്ഷിയാണ്! പാതി ആണും പാതി പെണ്ണുമായി ഒരു പക്ഷി! പ്രകൃതിയിലെ അപൂര്‍വ പ്രതിഭാസത്തിനു സാക്ഷിയായിരിക്കുകയാണ് ഷിക്കാഗോയിലുള്ള പക്ഷിനിരീക്ഷകര്‍.
ബൈലാറ്ററല്‍ ഗൈനാന്ഡ്രോമോര്ഫ് (Bilateral gynandromorph) എന്നു വിശേഷിപ്പിക്കുന്ന അപൂര്‍വ ജനിതകാവസ്ഥയുള്ള ബോബോലിങ്ക് (Bobolink) പക്ഷിയെയാണ് ഷിക്കാഗോയ്ക്കു സമീപം പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയത്. ഷിക്കാഗോയുടെ വടക്കുപടിഞ്ഞാറുള്ള ബാരിംഗ്ടണ്‍ ഹില്‍സിലെ വനമേഖലയാണ് ഈ പറവയുടെ വാസകേന്ദ്രം. ആപൂര്‍വ പക്ഷിയെ കാമറയില്‍ പകര്‍ത്തിയത് സിറ്റിസണ്‍സ് ഫോര്‍ കണ്‍സര്‍വേഷന്‍ പ്രവര്‍ത്തകനായ ലൂക്ക് ഡാല്‍ബര്‍ഗ് ആണ്. ചിത്രം കാമറയ്ക്കുള്ളിലാക്കിയ ഡാല്‍ബര്‍ഗ് അദ്ഭുതപ്പെട്ടു. വലതുഭാഗം ആണ്പക്ഷിയുടേതു പോലെയും ഇടതുഭാഗം പെണ്പക്ഷിയുടേതുപോലെയും! ശരീരത്തെ നേര്‍പകുതിയായി തിരിക്കുന്ന തരത്തില്‍ പറവയുടെ നിറവും വ്യക്തമായി വേർതിരിഞ്ഞുനിൽക്കുന്നതും കാണാം.
അതേസമയം, ലോകത്ത് ആദ്യമായാണ് ബോബോലിങ്ക് ഇനത്തില്‍പ്പെട്ട പക്ഷിയില്‍ അപൂര്‍വ പ്രതിഭാസം കണ്ടെത്തുന്നത്. "ബ്ലാക്ക് ആന്‍ഡ് ടാന്‍' എന്നാണ് പക്ഷിനിരീക്ഷകര്‍ ഇതിനു പേരിട്ടിരിക്കുന്നത്. ഫീല്‍ഡ് മ്യൂസിയത്തിലെ കണ്‍സര്‍വേഷന്‍ ഇക്കോളജിസ്റ്റായ കാമറൂണ്‍ റട്ട് ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ എത്തിയാണ് പക്ഷിയെ തിരിച്ചറിഞ്ഞത്. ഇതിന്റെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തി. വലത്തോട്ട് പറക്കുമ്പോഴും ഇടത്തോട്ട് പറക്കുമ്പോഴും രണ്ട് വ്യത്യസ്ത പക്ഷികളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെ ശരീരഘടന.
ഇണയെ കണ്ടെത്താൻ ആണ്‍പക്ഷിയായി
ബോബോലിങ്കിന്റെ ജീവിതരീതി ഗവേഷകർക്ക് ആശ്ചര്യജനകമായി. പാതി പെണ്ണാണെങ്കിലും പൂര്‍ണമായും ഒരു ആണ്‍പക്ഷിയുടെ ജീവിതമാണു നയിക്കുന്നത്. ചൂളംകുത്തിയും മറ്റ് ആണ്‍പക്ഷികളുമായി മത്സരിക്കാനും ഈ പക്ഷി മിടുക്കുകാണിച്ചു. മാത്രമല്ല, ഒരു പെണ്‍പക്ഷിയെ ആകര്‍ഷിച്ച് ഇണചേരുകയും ചെയ്തു. മാത്രമല്ല, ഇണപ്പക്ഷിക്കു ജനിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്തു എന്നത് ശാസ്ത്രലോകത്തെ കൂടുതല്‍ അത്ഭുതമായി.
അപൂർവ പ്രതിഭാസത്തിന്റെ കാരണം
കോശവിഭജന പ്രക്രിയയായ മിയോസിസില് (meiosis) സംഭവിക്കുന്ന പിഴവുകളാണ് ഈ അസ്ഥയ്ക്ക് കാരണമെന്നു ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. പെണ്‍പക്ഷികളില്‍ Z, W എന്നീ രണ്ട് ക്രോമസോമുകളാണുള്ളത്. കോശവിഭജന സമയത്ത് അണ്ഡത്തിന് ഒരു അധിക ക്രോമസോം ലഭിക്കുകയും, ഈ അണ്ഡം രണ്ട് ബീജങ്ങളുമായി സംയോജിക്കുകയും ചെയ്യുമ്പോള്‍ ഭ്രൂണത്തില്‍ ആണ് (ZZ), പെണ് (ZW) കോശങ്ങളുടെ മിശ്രിതം ഉണ്ടാകുന്നു. ഈ ഭ്രൂണം വളരുമ്പോഴാണ് ശരീരത്തിന്റെ ഒരു ഭാഗം ആണും മറുഭാഗം പെണ്ണുമായി മാറുന്നത്.
ലോകത്താകെ പതിനൊന്നായിരത്തിലേറെ പക്ഷിവര്ഗങ്ങളാണുള്ളത്. ഇതിൽ വെറും 45 ഇനങ്ങളിലായി, നൂറില്‍ താഴെ പക്ഷികളില്‍ മാത്രമേ ഈ പ്രതിഭാസം കണ്ടെത്തിയിട്ടുള്ളൂവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നോര്‍തേണ്‍ കാര്‍ഡിനല്‍, ഗ്രീന്‍ ഹണിക്രീപ്പര്‍ എന്നീ പക്ഷിവർഗങ്ങളിൽ അപൂർവ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. പക്ഷികള്‍ക്കു പുറമെ, ചിത്രശലഭങ്ങളിലും ചിലയിനം തേനീച്ചകളിലും ഈ പ്രതിഭാസം കാണാറുണ്ടെന്നും ഗവേഷകർ പറഞ്ഞു.
International
കണ്ടെത്തലുകളും തുടർഗവേഷണങ്ങളും; ശസ്ത്രലോകം അനുമാനിക്കുന്നതുപോലെ സംഭവിച്ചാൽ, ചൊവ്വ വെറും ചെവ്വയായിരിക്കില്ല, ഗ്രഹങ്ങളുടെ കൂട്ടത്തിൽ അതിസമ്പന്നഗോളമായിരിക്കും! ഭൂമിയിലെ അതിസമ്പന്നന്മാരുടെ പട്ടികപോലെ ബഹിരാകാശ സന്പന്നപ്പട്ടികയിലെ രാജാവാകും ചുവന്ന ഗ്രഹം! ദോഷങ്ങളുടെ ഗ്രഹം, ആരും കൊതിക്കുന്ന മഹാഗ്രഹമായി മാറും! ചൊവ്വയുടെ അദ്ഭുതപ്പെടുത്തുന്ന പുതിയ വിവരങ്ങളാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
നാസയുടെ പെർസിവറൻസ് റോവർ ചൊവ്വയിലെ പാറക്കെട്ടുകളിൽ ലേസർ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് അപ്രതീക്ഷിത കണ്ടെത്തൽ. രത്നക്കല്ലുകൾക്കു സമാനമായ ധാതുക്കളുടെ സാന്നിധ്യം ബഹിരാകാശ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. ചൊവ്വയിലെ ജെസെറോ ഗർത്തത്തിനു സമീപമുള്ള പാറകളിലാണ് അമൂല്യരത്നങ്ങളുമായി സാമ്യമുള്ള പദാർഥങ്ങൾ കണ്ടെത്തിയതെന്നും നാസ വ്യക്തമാക്കി.
റോവറിലെ സൂപ്പർകാം എന്ന അത്യാധുനിക ഉപകരണത്തിലെ ലേസർ ഉപയോഗിച്ച് ചൊവ്വയിലെ പാറകളുടെ രാസഘടന പരിശോധിക്കുമ്പോഴാണ് ക്രോമിയം അടങ്ങിയ കോറണ്ടം എന്ന ധാതു ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെടുന്നത്. മാണിക്യം, ഇന്ദ്രനീലം തുടങ്ങിയ വിലപിടിപ്പുള്ള രത്നങ്ങൾ രൂപപ്പെടുന്നത് കോറണ്ടം എന്ന ധാതുവിൽ നിന്നാണ്. ഇത്തരമൊരു പ്രദേശത്ത് ഈ ധാതുക്കളുടെ സാന്നിധ്യം കണ്ടെത്തിയത് ബഹിരാകാശ ഗവേഷകരെ ഏറെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപു പാറകളിലെ വിടവുകളിലൂടെ അതിശക്തമായ ചൂടുവെള്ളം ഒഴുകിയതാണ് ധാതുക്കൾ രൂപപ്പെടാൻ കാരണമെന്ന് ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ ശാസ്ത്രസംഘം വ്യക്തമാക്കി. ഭൂമിയിലും സമാനമായ സാഹചര്യങ്ങളിലാണ് രത്നക്കല്ലുകൾ രൂപപ്പെടാറുള്ളത്.
മുൻപു കരുതിയതിനേക്കാൾ വളരെ സങ്കീർണമായിരുന്നു ചൊവ്വ എന്നതിലേക്കാണു പുതിയ കണ്ടെത്തൽ വിരൽചൂണ്ടുന്നത്. ചൊവ്വയിൽ ഒരുകാലത്തു സജീവമായി ജലം ഒഴുകിയിരുന്നു എന്നതിനും അഗ്നിപർവതസ്ഫോടനങ്ങൾ നടന്നിരുന്നു എന്നതിനും ഇതു വീണ്ടും തെളിവ് നൽകുന്നു. കൂടാതെ, ചൂടുവെള്ളവും ധാതുക്കളും സമൃദ്ധമായിരുന്ന ഇത്തരം പരിസ്ഥിതികൾ പണ്ട് സൂക്ഷ്മജീവികളുടെ നിലനിൽപ്പിന് അനുയോജ്യമായിരുന്നോ എന്ന കാര്യവും ശാസ്ത്രജ്ഞർ പഠനവിധേയമാക്കുന്നുണ്ട്. ചുവന്ന ഗ്രഹത്തിന്റെ പൗരാണിക സാഹചര്യങ്ങളിലേക്കു വെളിച്ചംവീശുന്നതാണ് പുതിയ കണ്ടെത്തൽ. റോവർ ശേഖരിക്കുന്ന സാമ്പിളുകൾ ഭാവിയിൽ ഭൂമിയിലെത്തിച്ച് വിശദമായി പരിശോധിക്കുമെന്നും നാസയിലെ ഗവേഷകർ പറഞ്ഞു.